ഒരു യാചകന്‍റെ കഥ!

രാജഭരണം നിലനിന്നിരുന്ന ഒരു നാട്.അവിടെ വയോധികനായ ഒരു കുഷ്ഠരോഗി.പിച്ച തെണ്ടുകയല്ലാതെ മറ്റൊരു ഉദ്യോഗം അയാള്‍ക്ക് അറിഞ്ഞുകൂടായിരുന്നു.പള്ളിപ്പറമ്പിലും തിരക്കേറിയ സ്ഥലങ്ങളിലും തകൃതിയായി അയാളത് ചെയ്തുപോന്നു.രക്ഷപ്പെടാനോ സൌഖ്യമാകാനോ നമ്മളില്‍ പലരെയും പോലെ  അയാള്‍ക്കും ആഗ്രഹം   ഉണ്ടായിരുന്നില്ല.ഏതെങ്കിലും വഴിപോക്കന്‍ അഞ്ചോ പത്തോ കൊടുത്തെങ്കിലായി.അയാള്‍ ഭക്ഷണം കഴിച്ചുവോ,ക്ഷേമമായി ഇരിക്കുന്നുവോ എന്നൊന്നും തിരക്കാന്‍ ആരും ഉണ്ടായില്ല.എന്തിനു അയാളെയോ അയാളുടെ സാധനസാമഗ്രിഗളെയോ തൊടാന്‍ പോലും ആരും ധൈര്യപ്പെട്ടില്ല.അതങ്ങനെ വേണം താനും.ഈ പിച്ചക്കാരനും കുഷ്ഠരോഗിയുമൊക്കെ സമൂഹത്തിന്‍റെ ശാപം ആണെല്ലോ!അതല്ല ക്രിസ്തു യേശുവിന്‍റെ സ്നേഹത്തെയും പരിത്യാഗത്തെയും പറ്റി പ്രസംഗിക്കുന്ന എത്ര വിശുദ്ധന്മാര്‍ ഇതൊക്കെയും ചെയ്യാറുണ്ട്?ഒരു വിരല്‍ മറ്റൊരുവന്‍റെ നേര്‍ക്ക്‌ ചൂണ്ടുമ്പോള്‍ മറ്റു നാലു വിരലും നമ്മുടെ നേര്‍ക്ക്‌ തിരിഞ്ഞിരിക്കുന്നു എന്ന് പലപ്പോഴും മറന്നുപോകുന്നു.ദിവംഗതനാകുമ്പോള്‍ ഈ പരീശന്മാര്‍ക്ക് ഉയരത്തില്‍ തെമ്മാടികുഴിയെങ്കിലും കിട്ടിയാല്‍ മതിയാര്‍ന്നു.

അങ്ങനെ ഇരിക്കവെ ഈ കുഷ്ഠരോഗിക്കും ഒരു സുഹൃത്തിനെ ലഭിച്ചു.അയാള്‍ എല്ലാ ദിവസവും ഈ തൊട്ടുകൂടാത്തവന്‍റെ പാത്രത്തില്‍ നിന്നും കഞ്ഞി കുടിച്ചു.വളരെ നേരം പരസ്പരം സംസാരിച്ചിരിക്കുക പതിവായി.കുഷ്ഠരോഗിയില്‍ ഒരു നവോന്മേഷവും പുതുജീവനും ഉണ്ടായി.സുഹൃത്തിന്‍റെ നാടും വീടും കുഷ്ഠരോഗി അന്വേഷിച്ചില്ല.തന്‍റെ ഒപ്പം ഒരുവന്‍ ഇരിക്കുന്നത് സ്വന്തം കണ്ണുകള്‍ കൊണ്ട് തന്നെ അയാള്‍ കണ്ട് വിശ്വസിച്ചു.എന്നാല്‍ താന്‍ ആരാണെന്നുള്ള സത്യം കുഷ്ഠരോഗിയോട് വെളിപ്പെടുത്തുവാന്‍ ഈ സുഹൃത്ത് തീരുമാനിച്ചു.അയാള്‍ ആ നാട്ടിലെ രാജാവായിരുന്നു.സര്‍വ്വ സൈന്യാധിപന്‍,സര്‍വ്വത്തിന്‍റെയും ഉടമസ്ഥന്‍.ഇയാള്‍ക്ക് വേറെ സുഹൃത്തുക്കളെയൊന്നും കിട്ടിയില്ലേ?രാജാവിന്‍റെ  മേശയില്‍ സ്വാദിഷ്ടമായ ഭോജനം ഇല്ലയോ?എന്നാല്‍ സത്യം മറ്റൊന്നായിരുന്നു.ഇത്രയധികം വിശ്വസ്ഥനും ഹൃദയശുദ്ധിയുള്ളവനുമായ ഒരു പ്രജയെ രാജാവ് കണ്ടുമുട്ടുന്നത് ആദ്യമായിരുന്നു.കുഷ്ഠരോഗിയുടെ ഏത് ആഗ്രഹവും സാധിച്ചുകൊടുക്കാന്‍ രാജാവ് തയ്യാറായി!എന്തിനു സ്വന്തം രാജ്യത്തിന്‍റെ പകുതി പോലും.എന്നാല്‍ ഇതൊന്നും കുഷ്ഠരോഗിയില്‍ യാതൊരു ഭാവഭേദങ്ങളും ഉണ്ടാക്കിയില്ല.അയാളുടെ ആഗ്രഹം ഇത്രമാത്രം ആയിരുന്നു."രാജാവ് എന്നും ഇതുപോലെ കുറച്ചുനേരം തന്നോടൊപ്പം ചിലവഴിക്കുക.തന്‍റെ പിഞ്ഞാണത്തില്‍ നിന്നും രണ്ടു വാ ചോറ് ഭക്ഷിക്കുക."ആ സ്നേഹത്തിനുമപ്പുറമായി യാതൊന്നും അയാള്‍ ആഗ്രഹിച്ചില്ല!

ആര്‍ക്കും വേണ്ടാതെ ആരാലും ശ്രദ്ധിക്കപ്പെടാതെ ആ താണകുഴിയില്‍ കിടന്ന നിന്നെ ഓര്‍ത്ത ഒരു സ്നേഹമുണ്ട്.ആ സ്നേഹത്തെ നീ മറന്നുവെങ്കില്‍ ഇത് തിരിഞ്ഞുനോക്കുവാനുള്ള അവസാന അവസരമാണ്.അനുഗ്രഹം നിങ്ങളുടെ പിന്നാലെ വരും.സംശയം ലേശം വേണ്ട!

Comments

Popular posts from this blog

Sentiments of a foodie!!

ഒരു ജനപ്രിയ നേതാവിന്റെ മരണം- ചില ചിന്തകൾ

Well begun is half done?!