ഒരു ജനപ്രിയ നേതാവിന്റെ മരണം- ചില ചിന്തകൾ

ഒരു വർഷം ആയിട്ടില്ല. പ്രളയദുരിതമൊക്കെ ഒന്ന് കെട്ടടങ്ങിയ സമയത്താണ് വിശാഖപട്ടണത്തുള്ള സുഹൃത്തിന്റെ വിവാഹം കൂടിയശേഷം നാട്ടിലേക്കുള്ള വരവിൽ ആദ്യമായി ചെന്നൈ നഗരത്തിലെത്തുന്നത്. ഉച്ചക്ക് രണ്ടരക്കുള്ള ട്രെയിനിൽ കയറുന്നത് വരെ നേരം കളയാൻ വേണ്ടിയാണ് ഞാൻ മറീന ബീച്ചിലേക്ക് പോകുന്നത്. തിരിച്ചു പുറത്തിറങ്ങി റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഒരു വനിതാ പോലീസ് വന്നിട്ട് പറയുന്നത്:
 "Sir, Please wait for 5 minutes. Our CM is coming". ആർക്കും ദർശനം കിട്ടാത്ത ഒരു അവസ്ഥയിൽ എനിക്ക് സിദ്ദിച്ച ഭാഗ്യമോർത്തു ഞാൻ അങ്ങനെ നിന്നു. ഒരു 10-12 കാറുകൾ ഒന്നിന് പിറകെ ഒന്നായി പോകുന്നു. ചിലതിൽ വീഡിയോ ഷൂട്ട് ചെയുന്നു. ചിലതിൽ എന്തൊക്കെയോ സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ചിരിക്കുന്നു. SP, IG റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരൊക്കെ ആയിരുന്നു ഓരോന്നിലും. അവസാനം അമ്മയെത്തി. പ്രാഡോയുടെ മുൻ സീറ്റിൽ ചിരിച്ചു കൈകൾ കൂപ്പി ഇരിക്കുന്നു. അതൊരു മാസ്സ് എൻട്രി തന്നെ ആരുന്നൂന്നു പറയാം. പിറകെയും കുറെ വണ്ടികളുണ്ടായിരുന്നു. അവസാനം ബ്ലോക്ക് ചെയ്തിരുന്ന റോഡ് തുറന്നുകൊടുക്കാൻ അവിടെ നിന്നിരുന്ന പോലീസ്‌കാർക്കു സന്ദേശമെത്തി. ഇവിടെ നാട്ടിൽ സ്വന്തം കാറിൽ  മര്യാദക്കു ഇരിക്കാൻ പോലും ഇടമില്ലാതെ, പോലീസ് എസ്കോര്ട്ടുമൊക്കെ വേണ്ടെന്നു വെച്ച് യാത്ര ചെയ്യുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടിട്ട് ഇത് കണ്ടപ്പൊ ഒരു അത്ഭുതമായിരുന്നു.

പതിനായിരം സാരി കയ്യിലുണ്ടായിരുന്നെങ്കിലും അതിലൊന്ന് മാത്രം പുതച്ച് ജയലളിത യാത്രയായി. കേരളത്തെപ്പോലെ ചരിത്രപരമായ നേട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മാനവ വികസന സൂചികകളിൽ തമിഴ്‌നാട് കൈവരിച്ച നേട്ടത്തിന് ജയലളിതയ്ക്കും അവിടുത്തെ ബ്യുറോക്രസിക്കും വലിയ പങ്കുണ്ട്. അവിടുത്തെ പൊതു വിതരണ സമ്പ്രദായവും വികസനവും ഈ നൂറ്റാണ്ടിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക്‌ ഒരു മാതൃകയാണെന്ന് അമർത്യാ സെന്നും ഡ്രെസ്സും "The Uncertain Glory" എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. സ്കൂളുകളിലെ ഉച്ചഭക്ഷണ സമ്പ്രദായം തമിഴ്നാട്ടിൽ നിന്നാണ് മറ്റു സംസ്ഥാനങ്ങളിലേക്ക്  കുടിയേറിയത്. ഇതിന്റെയൊക്കെ ക്രെഡിറ്റ് മരിച്ചു പോയ ഒരു നേതാവിന്റെയല്ല.എന്നാൽ പൊതു ഖജനാവ് കൊള്ളയടിച്ചിട്ടാണെങ്കിലും സ്വന്തം പേരിലുണ്ടാക്കിയ ബ്രാൻഡിൽ കൂടിയാണെങ്കിലും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളിൽ അവർ ഇടപെട്ടു, പരിഹാരം ഉണ്ടാക്കി. ജനകോടികൾക്കു അവരിൽ ഒരു വിശ്വാസവും വികാരവും സൃഷ്ടിച്ചെടുക്കാൻ അവർക്കു കഴിഞ്ഞു. അതിനിപ്പൊ വിദ്യാഭ്യാസം ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ പണം ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ എന്നൊന്നും ഒരു വ്യത്യാസം ഉള്ളതായി തോന്നുന്നില്ല. അത് മലയാളികൾക്ക് പൊതുവെയുള്ള ഒരു പുച്ഛത്തിൽ നിന്നും ഉയർന്നു വരുന്ന സംശയമാകാനേ നിവർത്തിയുള്ളൂ.

ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയ സാഹചര്യം വെച്ചിട്ടു ശക്തനായ ഒരു നേതാവ് തമിഴ്‌നാട്ടിൽ നിന്നും ഉയർന്നുവരേണ്ടത് അത്യാവശ്യമാണ്. പാർലമെന്റിൽ എം. പിമാർക്ക് പോലും ചോദ്യങ്ങളുടെ ഉത്തരം ഹിന്ദിയിൽ മാത്രമേ ലഭ്യമാക്കുന്നുള്ളൂ എന്നാണറിവ്. എന്നിരുന്നാലും ഏകാധിപത്യവും അടിച്ചമർത്തൽ സ്വഭാവവുമൊക്കെയുള്ള ഒരു നേതാവ് ജനാധിപത്യത്തിന് ഭൂഷണമല്ല. എന്നാൽ ഇവരെ  പോലുള്ളവരും മറ്റു ഫാസിസിസ്റ് ശക്തികളുമൊക്കെ ഉയർന്നുവരുന്നത് ജനാധിപത്യത്തിന്റെ ഒരു പോരായ്മ കൂടിയാണ് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

Comments

Popular posts from this blog

Well begun is half done?!

Sentiments of a foodie!!